Saturday, June 6, 2009

നീ


കളകളമോഴുകുമരുവികളില്‍
നിന്‍ സ്വരം ഞാന്‍ കേട്ടു
അലയുന്ന പേടമാന്‍ കണ്ണുകളില്‍
നിന്‍ കണ്ണുകള്‍ ഞാന്‍ കണ്ടു
പൊഴിയുന്ന പുതുമഴതന്‍ മാറില്‍നിന്നും
നിന്‍ ഗന്ധം ഞാനിന്നറിഞ്ഞു
അമ്മയില്ലാതെ കേഴും കിളിക്കുഞ്ഞിനെപ്പോള്‍
കേഴുന്ന നിന്നുള്ളം ഞാനറിഞ്ഞു
ഇണയെ തേടും കുയിലിന്‍ സ്വരത്തില്‍
നിന്‍ സ്വരം ഞാന്‍ കേട്ടു
ആരുമില്ലത്തോരെന്‍ നൊമ്പരങ്ങള്‍
എന്നിട്ടും നീയെന്തേ കണ്ടില്ല
പറന്നകലുമീ മീവല്‍പക്ഷിയെ
നീയെന്തേ തിരികെ വിളിച്ചില്ല....

Thursday, June 4, 2009

സ്വപ്‌നങ്ങള്‍


കണ്ണീരു കൊണ്ടെന്‍ കാഴ്ച മങ്ങുന്നു
എവിടെയോ നില്‍ക്കുന്നു ഞാന്‍
കൈപിടിച്ചു നെഞ്ജോടു ചേര്‍ക്കാനും
എന്‍ ശിരസ്സില്‍ തലോടാനും
ആരാരുമില്ലടുത്ത്
വേദന തിങ്ങിയ ഹൃദയത്തോടെ
ചുറ്റും ഞാന്‍ ഉഴറി നോക്കിടുന്നു
മഞ്ഞിന്‍ കൈകള്‍ എന്നെ വിട്ടകന്നപ്പോള്‍
ഞാന്‍ കണ്ടു ചുറ്റും കുരിശുകള്‍
മഞ്ഞിന്‍ പുതപ്പുകൊണ്ട്‌ മൂടി
അവയെല്ലാം എന്നെ നോക്കി ചിരിതൂകുന്നു
ഇപ്പോള്‍ ഞാനറിയുന്നു അവയെല്ലാമെന്‍
സ്വപ്നങ്ങള്‍തന്‍ ശവക്കൂനയ്ക്ക്
മുകളിലായ്‌ നില്‍ക്കുന്നു എന്ന്
എന്നും ഞാനിനി ഇവിടെയുണ്ടാകും
ഇവര്‍ക്ക് കാവലായി
ഒടുവിലൊരുനാള്‍ ഞാനും മാറും
ഇവരിലോരാളായി..................

Wednesday, June 3, 2009

കിളിക്കൂട്‌


അലറിപ്പെയ്യും മഴയുടെ ഘോരമാം
കൈകളില്‍ ആടുന്നൊരു കിളിക്കൂട്‌
ഇണയുടെ ചിറകടിയൊച്ച കേള്‍ക്കാന്‍
കാത്തിരിക്കുന്നു ഒരു
ഒരു കിളിക്കുഞ്ഞാ കൂട്ടില്‍...............
ദൂരെ ദൂരെയെങ്ങോ പറന്നുപോയീ
അവള്‍, ഇണയുടെ ഗദ്ഗദം കേള്‍ക്കാതെ....
അവന്‍റെ പാട്ടുകളില്‍ എന്നും നിറയെ
അവള്‍ മാത്രമായിരുന്നു............
എന്നിട്ടും ആ സ്നേഹം അവള്‍ അറിഞ്ഞില്ല
കാനനത്തിന്‍റെ വിജനതാഴ്വരയില്‍
അവനെ തനിച്ചാക്കി അവള്‍ പോയി......
അവര്‍ ഒന്നിച്ചുകണ്ട സ്വപ്നമരത്തിന്‍
കൊഴിഞ്ഞ ഇലകള്‍ നോക്കി
അവന്‍ നെടുവീര്‍പ്പിടുന്നു......
നീലാകാശത്തിന്‍ അനന്തതയില്‍ എവിടെയോ
ഇരുന്നവള്‍ ആ വിരഹഗാനം കേള്‍ക്കുന്നുണ്ടാവുമോ?
നിസ്വാര്‍ത്ഥമാം ഈ സ്നേഹത്തിന്‍ പൂന്തേന്‍
നുകരാനവള്‍ എത്തീടുമോ?
ഈ കിളിക്കൂട്ടിലെക്ക്..........എന്നെങ്കിലും..............

Tuesday, June 2, 2009

രാത്രിമഴ


ഓര്‍മ്മതന്‍ നൊമ്പരചെപ്പ്
ഞാന്‍ തുറന്നാല്‍
എനിക്ക് കൂട്ടായി മഴയെത്തും
മഴയുടെ ഓരോ ചിരികളും എന്നില്‍
ഓര്‍മ്മകളുടെ പൂക്കാലം ഉണര്‍ത്തും
ബാല്യത്തിന്‍റെ കുസൃതികളും
കൌമാരത്തിന്‍ സ്വപ്നങ്ങളും
മഴയുടെ കൈയ്കളിലൂടെ
എന്‍ മനസ്സിലോടിയെത്തും........
ഈ മഴയെ നെഞ്ജോടു ചേര്‍ത്ത്
ഈ തണുത്ത വഴികളിലൂടെ എനിക്ക് നടക്കണം
ഈ രാത്രിമഴ ഒരു താരാട്ടാണ്
ഏകാന്തമാമെന്‍ രാത്രികളില്‍
എന്നമ്മയെപ്പോലെ
ആ താരാട്ടുപാടി ഉറക്കുമീ മഴ
ഈ മഴയെ തൊട്ടു തൊട്ടിരിക്കാന്‍
കൊതിക്കുന്നു എന്‍ മനം
ഈ മഴയുടെ മൗനം എന്‍
ആത്മാവിന്‍ താളമാണ്
എന്‍ കണ്ണില്‍ നീര്‍ നിറഞ്ഞാല്‍
ഒരായിരം കൈകളായി
മഴ ഓടിയെത്തും
ആ കണ്ണീര്‍ തുടച്ച്
സ്നേഹത്തിന്‍ തലോടലായി
മഴ എന്നില്‍ നിറയും...
ഈ മഴയുടെ കൈ പിടിച്ചു
ഞാന്‍ എന്‍റെ ഏകാന്ത വീഥിയിലൂടെ
യാത്രയാകുന്നു.....
ഈ രാത്രിമഴക്കൊപ്പം ............

Monday, June 1, 2009

മരണം


മരണം ഒരു കൊച്ചുപെങ്കുട്ടിയാണ്
ചിലപ്പോള്‍ അവള്‍ ആരും കാണാതെ
കാലൊച്ച കേള്‍പ്പിക്കാതെ വരും
ചിലപ്പോള്‍ അവള്‍ എല്ലാവരെയും
അറിയിച്ചു ചിലച്ചുകൊണ്ട് വരും
ചിലപ്പോള്‍ അവള്‍ എന്നെ കരയിക്കും ,
ചിലപ്പോള്‍ എന്നെ ചിന്തിപ്പിക്കും
അവള്‍ അവളുടെ ധിക്കാരത്തോടെ
വരുകയും പോവുകയും ചെയ്യും
കഷ്ടനഷ്ടങ്ങള്‍ താങ്ങി നടക്കുന്നവനും
സുഖലോലുപനും അവള്‍ക്കൊരുപോലെയാണ് ....
ചിലര്‍ക്ക്‌ ദുഃഖങ്ങള്‍ സമ്മാനിക്കാനും
ചിലരുടെ ദുഃഖങ്ങള്‍ക്ക് മരുന്നാകനും
അവള്‍ക്ക്‌ കഴിയും
എന്‍റെ ദുഃഖങ്ങള്‍ ഞാനവളില്‍
അര്‍പ്പിക്കാന്‍ കൊതിക്കുന്നു
ഇന്നത്തെ എന്‍റെ യാത്രകളില്‍
ഞാന്‍ അവളെയാണ് തേടുന്നത്‌
ഒരുനാള്‍ ഞാനവളെ കണ്ടെത്തും
എന്‍റെ സ്വപ്നങ്ങളെയും
ദുഃങ്ങളെയും അവളുടെ
കയ്യില്‍ കൊടുത്തിട്ട് ഞാന്‍
ആ മടിയില്‍ തല ചായ്ച്ചു
ഉറങ്ങും.........
ഇനിയൊരു ജന്മത്തിലെങ്കിലും
എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകുകള്‍ മുളക്കുമെന്നുള്ള പ്രതീക്ഷയോടെ........