Saturday, August 30, 2014

ആനക്കഥകൾ - പിന്നെ കുറച്ചു നുണകളും. Part 1

കുറെ നാളായി സെന്റി പോസ്റ്റുകൾ മാത്രം ഇട്ടു ഞാൻ എന്നെ തന്നെ ബോറടിപ്പിക്കുകയാണ് എന്ന് തോന്നാൻ തുടങ്ങി. മറ്റുള്ളവരോട് ഇടപഴകുമ്പോൾ ചിരിക്കാനും ചിരിപ്പിക്കാനുമാണ് ഇഷ്ടമെങ്കിലും തനിയെ ഇരിക്കുമ്പോ അടൂർ  ഗോപാലകൃഷ്ണന്റെ പടം പോലെയാ. എന്താ ചെയ്യുക . ഏതായാലും ഇനി കുറച്ചു കോമഡി എഴുതാമെന്ന് തോന്നുന്നു. ( ഇത് നമ്മുടെ ഫ്രെണ്ട്സ് കണ്ടാൽ അവന്മാര് പറയാൻ പോകുന്ന ഡയലൊഗ് ബോയിംഗ് ബോയിംഗ് സിനിമയിൽ ജഗതിയോട് ശങ്കരാടി പറയുന്നതാണെന്ന് എനിക്കറിയാം) എന്തെലുമാകട്ടെ ഞാൻ ഇത് എഴുതാൻ പോകുവാ.

                 ആനക്കഥ ഞാൻ കുറെ കേട്ടിട്ടുണ്ടെങ്കിലും ഓർത്തിരിക്കുന്നത് വളരെ കുറച്ചു മാത്രമാണ്. നമ്മുടെ സ്വന്തം ആലക്കോട് നിന്ന് ഒരു 6 കിലോമീറ്റർ അകലെ വെള്ളിയാമറ്റം എന്നൊരു സ്ഥലമുണ്ട്. രണ്ടു പ്രൈവറ്റ് ബസ്‌ മാത്രം സർവീസ് നടത്തുന്ന ചെറിയ ഒരു നാട്ടിൻപുറം. നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം എന്നാണല്ലോ. അവിടെയാണ് ഈ കഥ നടക്കുന്നത്. നമ്മള് മലയാളികളുടെ ഒരു പ്രത്യേക സ്വഭാവമാണല്ലോ എവിടെയെങ്കിലും എന്തെങ്കിലും പ്രശ്നം വന്നാൽ അവനവനു പരുക്ക് പറ്റാത്ത ദൂരത്തു നിന്ന് കണ്ടാസ്വദിക്കുക എന്നുള്ളത്.

                      അതുപോലെ രണ്ടു ചേട്ടന്മാര് വെള്ളിയമറ്റത്തു ആന ഇടഞ്ഞു എന്ന് കേട്ട് സന്തോഷത്തോടെ കാണാൻ പോയതാണ്.കാണാൻ പോയ കാര്യം പറഞ്ഞപ്പോഴാ വേറൊരു കാര്യം ഓർമ്മ വന്നത്. പണ്ട് തൊടുപുഴയിൽ പുലി ഇറങ്ങിയപ്പോ എല്ലാവരും കാണാൻ പോകുന്ന രംഗം. നാട്ടിൽ സർക്കസ് വന്നിട്ടുണ്ടെന്ന് പറയുന്ന ലാഘവത്തോടെ പറഞ്ഞുകൊണ്ടാണ് എല്ലാരും പുലിയെ കാണാൻ പോയത്. ആദ്യം പോയ രണ്ടുപേരെ പുലി മാന്തിക്കീറി താങ്ങിയെടുതുകൊണ്ട് വരുന്നത് കണ്ടപ്പോഴാണ് ആൾക്കാർക്ക് സംഗതിയുടെ ഗൌരവം മനസ്സിലായത്. ഞാൻ നോക്കുമ്പോ ഉണ്ട് ഒരു വെല്യപ്പൻ വടിയും കുത്തി പിടിച്ചു പുലിയെ കാണാൻ പോകുന്നത് കണ്ടത്. പയറുപോലെ നടക്കുന്ന ഞാനൊക്കെ ഒരു കിലോമീറ്റർ അകലേക്ക്‌ എങ്ങനെ സ്കൂട്ടാകമെന്നു ആലോചിക്കുമ്പോഴാ അങ്ങേരു പുലിയെക്കാണാൻ പോകുന്നത്. പതിയെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു" അപ്പൂപ്പാ ഓടാൻ പറ്റില്ലെങ്കിൽ അങ്ങോട്ട്‌ പോകണ്ട കേട്ടോ". അത് കേട്ടപ്പോഴാ പുള്ളിക്കു ബോധം വന്നത്. എന്നെ ഒന്ന് നോക്കിയിട്ട് അങ്ങേരു തിരിച്ചു നടന്നു. എവിടുന്നോ കറങ്ങി തിരിഞ്ഞു വന്ന പാവം പുലിയെ പട്ടികയ്ക്ക് അടിച്ചും ഇഷ്ടിക്കക്ക് എറിഞ്ഞും കൊന്നിട്ട് പുലിയേം പിടിച്ചു ഫോട്ടോക്ക് പോസു ചെയ്ത വീരശൂരപരാക്രമികൾക്ക് എതിരെ പിറ്റേന്ന് ഫൊരെസ്റ്റ്കാരു കേസ്‌ എടുത്തത്‌ വേറെ കഥ.

                      നമുക്ക് നമ്മുടെ ആനയെക്കാണാൻ പോയ ചേട്ടന്മാരുടെ അടുത്തേക്ക് പോകാം. അവര് ചെന്നപ്പോ അറിഞ്ഞു ആന ഇടഞ്ഞോടി അവിടെയുള്ള ഒരു ചെറിയ പുഴയിൽ  ചാടിയെന്നു. ആഹാ എങ്കിൽ ഈ പാലത്തെ കേറി നിന്ന് കാണാമെടാ ഉവ്വേ എന്നും പറഞ്ഞു രണ്ടു പേരും കൂടി പാലത്തേൽ കയറി താഴേക്ക്‌ നോക്കി നിന്നു. പിന്നീട് നടന്ന സംഭവങ്ങൾ അവരുടെ വാരഫലം തീര്ത്തും മോശമാണെന്ന് തെളിയിക്കുന്നതായിരുന്നു. ഇവര് രണ്ടു പേരും താഴേക്ക്‌ നോക്കി നിന്ന സമയത്ത് ആന പുഴ നീന്തിക്കയറി അപ്പുറതുകൂടി വന്നു പാലത്തിൽ കയറി. ഒരാൾ തിരിഞ്ഞു നോക്കിയതും ആന പുറകിൽ നിൽക്കുന്നു. പിന്നെ നടന്നത് ഒളിമ്പിക്സിൽ ഹുസൈൻ ബോൾട്ട് ഓടിയതിലും വലിയ ഓട്ടമായിരുന്നു. ആന പുറകെയും. വളവു തിരിഞ്ഞു ഓടി ചെല്ലുമ്പോൾ അവര് കണ്ടു ദൈവദൂതനെപ്പോലെ ഒരു പിക്കപ്പ് അപേ അവരുടെ എതിരെ വരുന്നു. ഓടിക്കൊണ്ട്‌ തന്നെ ഡ്രൈവറോട് പറഞ്ഞു "ചേട്ടാ വണ്ടി തിരിച്ചോ  ആന വരുന്നുണ്ടെ ". പിന്നെ അവര് കണ്ടത് ഒരു ചങ്കു തകർപ്പൻ കാഴ്ചയാരുന്നു. അപേക്കാരൻ വന്ന അതെ സ്പീഡിൽ തന്നെ വെട്ടി തിരിഞ്ഞതും തിരിച്ചു പോയതും  കഴിഞ്ഞു. അതുപോലെ ഒരു വണ്ടി തിരിക്കുന്നത് അവരുടെ ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടുമാണ് അവരു കാണുന്നത്. നിങ്ങള് പോരുന്നുണ്ടോ എന്ന് ചോദിച്ചില്ലെങ്കിലും ചാടിക്കയറാനുള്ള ഗാപ്‌ പോലും അവൻ തന്നില്ലലോ എന്ന് ദയനീയമായി ഓടിയവരിലോരാളും വീട്ടിലിരിക്കുന്നവരുടെ പ്രാർഥനയുടെ  ഫലമായി ജീവിചിരിക്കുന്നവനുമായ സർവ്വോപരി ഞങ്ങടെ അയൽവാസിയുമായ ചാക്കോ ചേട്ടൻ ഇപ്പോഴും പറയും. കൂടെ ആ ഡ്രൈവറെ വിളിക്കുന്ന വാക്കുകൾ  മാത്രം ഇവിടെ എഴുതാൻ കൊള്ളുകേല.