Monday, December 21, 2015

മൂക്കുത്തി

മൂക്കുത്തിക്കിത്രമേല്‍ ചന്തമുണ്ടെന്നതെന്തേ
ഇത്രനാള്‍ കണ്ടില്ല ഞാന്‍.... 

Wednesday, December 16, 2015

യാത്ര

യാത്രകള്‍ എനിക്ക് സ്വപ്നങ്ങളെക്കാള്‍ പ്രിയപ്പെട്ടതായിരുന്നു. ആ യാത്രകള്‍ക്ക് ലക്ഷ്യങ്ങള്‍ കൂടി ഉണ്ടാകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ഒരിക്കലും വിവരിക്കാനാവില്ല.

Friday, July 31, 2015

#quotes

“If you love somebody, let them go, for if they return, they were always yours. If they don't, they never were.”

Kahlil Gibran

Tuesday, July 28, 2015

#myquote

ഒരിക്കലും നിലയ്ക്കില്ല എന്ന മുന്‍വിധിയോടെയുള്ള   യാത്രയാണ് ജീവിതം

Monday, July 27, 2015

ഭ്രാന്ത്

നിലക്കാത്ത ഓര്‍മ്മകള്‍ ഭ്രാന്ത്‌
നിഴലിപ്പോലും വെറുക്കുന്നത് ഭ്രാന്ത്
ഉറക്കം എത്തിനോക്കാത്ത രാവുകള്‍ ഭ്രാന്ത്‌
ശബ്ദവീചികളെ വെറുക്കുന്നത് ഭ്രാന്ത്
വെറുക്കാന്‍ വേണ്ടി കൊതിച്ചത് ഭ്രാന്ത്‌
വെറുതെ കാത്തിരിക്കാന്‍ തോന്നുന്നത് ഭ്രാന്ത്‌
കണ്ണുകളില്‍ പൊടിഞ്ഞ നീര് ഭ്രാന്ത്‌
ഇന്നലെയുടെ ഓര്‍മ്മകള്‍ ഭ്രാന്ത്‌
ഇന്നിന്റെ കനലുകള്‍ ഭ്രാന്ത്‌
വെറുതെ ഓടുന്ന ഈ ലോകത്തിനു ഭ്രാന്ത്

Thursday, July 23, 2015

എയ്ന്ജല്‍



ഒറ്റപ്പെടലിന്റെ താഴ്വാരങ്ങളിലൂടെ  നടത്തിയ ഏകാന്ത യാത്രക്കൊടുവില്‍
ഒരു എയ്ന്ജലിനെ  കണ്ടെത്തി....

സുന്ദരിയായൊരു എയ്ന്ജല്‍....

ഓമനത്വമുള്ള ഒരു എയ്ന്ജല്‍....

ഏകാന്തതയുടെയും സങ്കടങ്ങളുടെയും കടലിലൂടെ ഒറ്റയ്ക്ക് തോണി തുഴഞ്ഞവള്‍.....

കാത്തിരിപ്പിന്റെ സുഖം അറിയുന്നവള്‍....

സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ക്കായി കാത്തിരിക്കുന്നവള്‍...

നഷട്പ്പെടലിന്റെ വേദന അറിയുന്നവള്‍...

പ്രിയപ്പെട്ടവരെ ഒരുപാട് ഒരുപാടു ഇഷ്ടപ്പെടുന്നവള്‍...

ക്രൂരമായ വിധിയെ ഭയപ്പെടാത്തവള്‍.....

കണ്ണുകളില്‍ അഗാധതമായ  നിശബ്ദത ഒളിപ്പിച്ചവള്‍.....

ചുണ്ടുകളില്‍ ശോകമാധുരമായ ആരും കേള്‍ക്കാത്ത ഒരു ഗാനം ഒളിപ്പിച്ചവള്‍....

കുസൃതി നിറഞ്ഞ വാക്കുകളില്‍ എന്നെ ചിരിപ്പിച്ചവള്‍....

കഥ പറഞ്ഞു എന്നെ കരയിപ്പിച്ചവള്‍......

ഒരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത ദൂരത്തു നില്‍ക്കുന്നവള്‍.....





Saturday, April 18, 2015

ആനക്കഥകള്‍ – പിന്നെ കുറച്ചു നുണകളും. Part 2

എല്ലാ മനുഷ്യര്‍ക്കും അവരുടെ കുട്ടിക്കാലത്തെ ഒരുപാട് ഓര്‍മ്മകള്‍ അച്ഛന്റെയും അമ്മയുടെയും മാതാപിതാക്കളെയും ചുറ്റിപ്പറ്റി ആയിരിക്കും. ഈയുള്ളവനും അങ്ങനെ തന്നെ ആയിരുന്നു. എന്റെ അപ്പന്റെ അപ്പനെ ഞാന്‍ വെല്ല്യഇച്ചാച്ചന്‍ എന്നാണ് വിളിച്ചിരുന്നത്‌. ഞാനിങ്ങനെ പിതാശ്രീയെ അപ്പന്‍ എന്ന് വിളിക്കുന്നത്‌ ബഹുമാനക്കുറവു കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത് കേട്ടോ. കേരളത്തിന്റെ നടുഭാഗത്ത്‌ കുറേപ്പേര്‍ അങ്ങനാ പറയുന്നേ. വെല്ലിചാച്ചന്‍ പറഞ്ഞ രണ്ടു മൂന്ന് അനക്കഥയാണ് ഞാന്‍ ഇന്ന് എഴുതാന്‍ പോകുന്നത്.
വലുപ്പം കൊണ്ടും ബുദ്ധികൊണ്ടും മനുഷ്യരേക്കാളും ഇത്തിരി വലുതാണെന്ന് ആനകള്‍ പണ്ടേ തെളിയിചിട്ടുല്ലതാണല്ലോ. അപ്പൊ പിന്നെ തല്ലു കിട്ടിയാല്‍ പിന്നെ പകരം വീട്ടാന്‍ ആനയ്ക്ക് ആരും പറഞ്ഞു കൊടുക്കണ്ട കാര്യമില്ല. പണ്ട് കാലത്ത് കൃഷി കൊണ്ട് വലഞ്ഞ കൃഷീവലന്മാരെ ഗവണ്മെന്റ് കാട് വെട്ടിപ്പിടിക്കാന്‍ പറഞ്ഞുവിട്ടപ്പോള്‍ പിള്ളേരും പോക്കനവുമായി കാട് കേറാന്‍ പോയവര്‍ മരത്തില്‍ കെട്ടിയുണ്ടാക്കിയ എറുമാടങ്ങളിലാണ്‌ താമസിച്ചിരുന്നത്. ഏറുമാടം എന്നു കേട്ടിട്ടില്ലാത്ത പിള്ളേര്‍ക്ക് വേണ്ടി പറയുവാ കേട്ടോ. വലിയ മരങ്ങളില്‍ കെട്ടിയുണ്ടാക്കിയ വീടുകളാണ്  ഏറുമാടം. കയര്‍ ഏണിയോ മുളയേണിയോ ഉപയോഗിച്ചാണ് മുകളില്‍ കയറുന്നത്. രാത്രിയായാല്‍ പിന്നെ എല്ലാരും കൂടി അതിന്റെ മുകളില്‍ കേറും. അല്ലെങ്കില്‍ പിന്നെ ആന ചവിട്ടിയോ പുലി പിടിച്ചോ സിദ്ധി കൂടേണ്ടി വരും.
ചാക്കോ ചേട്ടനും കുടുംബവും അങ്ങനെ നാട്ടില്‍ നിന്നും വന്നു കാട് വെട്ടിപ്പിടിച്ചു ഒരുവിധം കുഴപ്പമില്ലാതെ ജീവിചോണ്ടിരുന്നപ്പോഴാണ് ഒരു ചെറിയ പ്രശ്നം. എന്നും രാത്രിയാകുമ്പോ ഒരു കൊമ്പന്‍ വന്നു ഇവരുടെ ഏറുമാടത്തിന്റെ താഴെ വന്നു അവന്റെ ദേഹം ഉറച്ചു ചൊറിച്ചില്‍ മാറ്റുന്നു. പാട്ട കൊട്ടിയും ബഹളം വെച്ചിട്ടുമൊന്നും ലവന്‍ പോകുന്നില്ല. ഇടയ്ക്കിടയ്ക്ക് കൊമ്പുകൊണ്ട് കുത്തി നോക്കിയുമൊക്കെ അവന്‍ മരത്തിന്റെ ബലം പരിശോധിക്കുന്നുമുണ്ട്. പല ദിവസങ്ങളില്‍ ഇതാവര്‍ത്തിച്ചപ്പോള്‍ ചാക്കോചേട്ടന് ദേഷ്യം വന്നു. കാര്യം പറഞ്ഞാല്‍ ആനേടെ വീടായ കാട്ടിലേക്കാണ് നമ്മള്‍ ഇടിച്ചു കേറി വന്നത്. പക്ഷെ കാടിന്റെയും നാടിന്റെയും മുതലാളിയായ സര്‍ക്കാരിന്റെ അനുവാദത്തോടെ വന്ന നമ്മളെ ഈ ആന ശല്യം ചെയ്താല്‍ അവനൊരു പണി കൊടുക്കണമല്ലോ. അടുത്ത ദിവസം രാത്രി ആന മരത്തിന്റെ അടുത്ത് വന്നപ്പോള്‍ പുള്ളിക്കാരന്‍ അടുപ്പിലുണ്ടായിരുന്ന ചാരവും കനലും എല്ലാം കൂടി കോരിയെടുത് ആനയുടെ പുറത്തേക്കിട്ടു. പെട്ടെന്നുണ്ടായ പൊള്ളല്‍കൊണ്ട് ആന അലറിക്കൊണ്ട്‌ കാട്ടിലേക്ക് ഓടി. പിന്നെ കുറെ നാളത്തേക്ക് അവന്‍ ആ വഴി വന്നില്ല. പക്ഷെ മനുഷ്യരെപ്പോലെ തന്നെ മറക്കാന്‍ അവനും മനസ്സില്ലായിരുന്നു. ചാക്കോ ചേട്ടന്റെ സ്ഥലത്തിന്റെ അതിരിനപ്പുറത്തെ കാട്ടില്‍ അവന്‍ എന്നും ഒളിച്ചിരുന്ന് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഒരു ദിവസം എന്തോ കാരണം കൊണ്ട് ചാക്കോചേട്ടന്‍ താഴെയുള്ള വീട്ടിലായിരുന്നു കിടന്നുറങ്ങിയത്. അത് മനസ്സിലാക്കിയ അവന്‍ വീടിന്റെ മുന്‍വശത്തെത്തി. ഓലമേഞ്ഞ വീടായതിനാല്‍ മുന്‍വശം വളരെ താഴ്ന്നാണ് നിന്നിരുന്നത്. അവന്‍ നിലതിരുന്നതിനു ശേഷം തല പരമാവധി താഴ്ത്തി തുമ്പിക്കൈ അകത്തേക്ക് നീട്ടി തപ്പി നോക്കി. അവന്റെ മസ്തകം ഓലയില്‍ തട്ടുന്ന ഒച്ച കേട്ട് പെട്ടെന്ന് എഴുന്നേറ്റ ചാക്കോചേട്ടന്‍ സമയം കളയാതെ പിന്‍വശത്തുകൂടി ഇറങ്ങി ഓടി. എല്ലാരേം പോലെ അങ്ങേര്‍ക്കും അങ്ങേരുടെ ജീവന്‍ വളരെ വലുതായിരുന്നു. അതോടു കൂടി ആന രണ്ടും കല്‍പിച്ചാണെന്ന് പുള്ളിക്ക് മനസ്സിലായി. പിന്നെയുള്ള രാത്രികളില്‍ അങ്ങേരു ഏറുമാടത്തില്‍ നിന്നും ഇറങ്ങിയില്ല. ഭയമുള്ളത് കൊണ്ടല്ല ധൈര്യം ഒട്ടുമില്ലാത്തതുകൊണ്ടാണ്.
കാലം കുറെ കഴിഞ്ഞു എല്ലാവരും ഈ കഥകളൊക്കെ മറന്നെങ്കിലും കൊമ്പന്‍ മാത്രം ഒന്നും മറന്നില്ല. അവനാണല്ലോ പണി കിട്ടിയത്. ഒരു ദിവസം നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ചാക്കോചേട്ടന്‍ ഇത്തിരി താമസിച്ചു പോയി. അങ്ങേരുടെ കഷ്ടകാലത്തിനു കൊമ്പന്റെ മുമ്പില്‍ പോയി ചാടുകയും ചെയ്തു. കൊമ്പന്റെ മനസ്സില്‍ ലഡ്ഡു പൊട്ടിയപ്പോള്‍ ചാക്കോ ചേട്ടന് കരച്ചിലാണ് വന്നത്. സര്‍വ്വ ദൈവങ്ങളെയും വിളിച്ചു അങ്ങേരു തിരിഞ്ഞോടി. ജീവനും കൊണ്ടോടിയ അങ്ങേര്‍ക്കു ഒരു മരത്തില്‍ കയറിപ്പറ്റാന്‍ കഴിഞ്ഞു. മരം മറിച്ചിടാനുള്ള കൊമ്പന്റെ ശ്രമങ്ങള്‍ ഫലിച്ചില്ല. അവന്റെ ദേഷ്യം പൂര്‍വ്വാധികം ശക്തിയായി. അവന്‍ രണ്ടു മൂന്നുവട്ടം ആരെയോ വിളിക്കുന്നത്‌ പോലെ ശബ്ദമുണ്ടാക്കിയതും അതുകേട്ട് ഒരു പിടിയാന ഓടിവന്നു. ഇതെല്ലാം കണ്ടു പേടിച്ചു ചാക്കോ ചേട്ടന്‍ മരത്തില്‍ അള്ളിപ്പിടിച്ചിരുന്നു. പിടിയാനയെ മരത്തിന്റെ ചുവട്ടില്‍ നിര്‍ത്തിയിട്ടു കൊമ്പന്‍ കാട്ടില്‍ മറഞ്ഞു. അവന്‍ ആളെക്കൂട്ടാന്‍ പോയതാണോ എല്ലാരുംകൂടി വന്നു മരം മറിചിടുമോ എന്നിങ്ങനെയുള്ള ഭീകര ചിന്തകളുമായി ചാക്കോ ചേട്ടന്‍ മുകളില്‍ ഇരുന്നു. ഒരു പത്തു മിനിട്ടിനു ശേഷം കൊമ്പന്‍ തിരിച്ചുവന്നു. തുമ്പിക്കൈ നിറയെ വെള്ളവുമായിട്ടു. ആ വെള്ളം മരത്തിനു ചോട്ടില്‍ ഒഴിച്ചിട്ടു അവന്‍ കൊമ്പ് കൊണ്ട് കുഴിക്കാന്‍ തുടങ്ങി. ചേട്ടന്റെ ഉള്ളിലൊരു ഇടി വെട്ടി.
“ദൈവമേ ഇവന്‍ ഇന്നെന്നേം കൊണ്ടേ പോകുകയുള്ളല്ലോ”
അവന്റെ ബുദ്ധി ഉപയോഗിച്ച് അവന്‍ വെള്ളമെടുക്കാന്‍ വീണ്ടും പോയപ്പോള്‍ ചേട്ടന്‍ ചേട്ടന്റെ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു. മുകളില്‍ നോക്കിയപ്പോ തന്‍ ഒരു ആഞ്ഞിലി മരത്തിലാണ് കയറിയിരിക്കുന്നതെന്ന് പുള്ളി കണ്ടു. കയ്യെതുന്നിടത് നിന്നും രണ്ടു ആഞ്ഞിലിക്കാ പറിച്ചു പിടിയാനയ്ക്ക് എറിഞ്ഞു കൊടുത്തു. ശത്രുവാണ് എങ്കിലും തിന്നാന്‍ തരുമ്പോ മടിച്ചു നില്‍ക്കുന്നത് ശെരിയല്ലല്ലോ എന്ന് പിടിയാനയും കരുതി. കൊമ്പന്‍ വരുമ്പോ അനങ്ങാതിരിക്കുകയും അവന്‍ പോയിക്കഴിയുമ്പോ ആഞ്ഞിലിക്ക എറിയുകയും ചെയ്തു ചെയ്തു പിടിയാനയെ കുറച്ചു ദൂരെ എത്തിക്കാന്‍ ചേട്ടനു കഴിഞ്ഞു. കുറെ എണ്ണം പറിച്ചു ഒരുമിച്ചു എറിഞ്ഞു കൊടുത്തിട്ട് മരത്തിന്റെ മറുവശത്തുകൂടി ഇറങ്ങിയ ചേട്ടന്‍ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. വെള്ളവുമായി വന്ന കൊമ്പന് മരത്തില്‍ ആളില്ലെന്ന് മനസ്സിലായി. ഏല്‍പിച്ച ജോലി ചെയ്യതിരുന്നെങ്കിലും അവള്‍ തന്റെ ഗേള്‍ഫ്രെണ്ട് ആണെന്നൊന്നും പകമൂത്ത് നിന്ന അവന്‍ ഓര്‍ത്തില്ല. പിറ്റേന്ന് അതിലെ വന്ന ആള്‍ക്കാര്‍ അവിടെ ഒരു പിടിയാന കുത്തേറ്റു ചത്ത്‌ കിടക്കുന്നത് കണ്ടു. അതോടുകൂടി കാനന വാസം മതിയാക്കി ചാക്കോ ചേട്ടനും കുടുംബവും നാട്ടിലേക്ക് കെട്ട് കെട്ടി.
കാട് വെട്ടിപ്പിടിക്കാന്‍ പോയവരുടെ ആദ്യകാല ജീവിതം ലേശം കടുത്തതായിരുന്നു. പലരും തോറ്റു പിന്മാറിയെങ്കിലും ഒരു പാട് പേര്‍ വിജയിച്ചു. അങ്ങനെ കാട് നാടായി. കാട്ടുമൃഗങ്ങള്‍ക്കു നാട്ടില്‍ ഇറങ്ങേണ്ടി വന്നു. അവര്‍ മനുഷ്യരെ ഉപദ്രവിക്കുമ്പോള്‍ അവയെ കൊല്ലണമെന്ന് അധികാരികളോട് പറയുന്നതല്ലാതെ കാട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ മനുഷ്യന് തോന്നതില്ലല്ലോ. പണ്ടൊരിക്കല്‍ ഒരു കുടിയേറ്റക്കാരന്റെ കാല്‍ അപകടത്തില്‍ പെട്ട് ഒടിഞ്ഞു. അമ്പതു കിലോമീറ്ററോളം വനത്തിലൂടെ നടന്നാലേ പുറംലോകത്തു എത്തിക്കാന്‍ പറ്റുകയുള്ളൂ. നടക്കാന്‍ വയ്യാത്തത് കൊണ്ട് അങ്ങേരെ നാല് കമ്പുകള്‍ ചേര്‍ത് ഉണ്ടാക്കിയ മഞ്ചലില്‍ കയറ്റിയാണ് കൊണ്ടുപോകാന്‍ തീരുമാനിച്ചത്. അങ്ങനെ നാലുപേരുകൂടി താങ്ങിയെടുത്ത് വിലാപയാത്ര പുറപ്പെട്ടു. ആനയും പുലിയുമുള്ള കാടാണ്. അവനവന്റെ ഹൃദയമിടിപ്പും മറ്റുള്ളവരുടെ ഹൃദയമിടിപ്പും എല്ലാര്‍ക്കും കേള്‍ക്കാം. പതിയെ പതിയെ ഒച്ചയുണ്ടാക്കാതെ അവര്‍ പകുതി ദൂരം പിന്നിട്ടു. പെട്ടെന്നാണ് അവരുടെ തൊട്ടു മുന്‍പില്‍ ഒരു ഒറ്റയാനെ കണ്ടത്. നമ്മളെപ്പോലെ അവര്‍ക്കും അവരുടെ ജീവനായിരുന്നു വലുത്. യാതൊന്നും പറയാതെ മഞ്ചലില്‍ ഉള്ളവനെ മഞ്ചലോടുകൂടി നിലത്തേക്ക് ഇട്ടിട്ടു അവര്‍ ഓടി. അവരുടെ തൊട്ടടുത്ത്‌ തന്നെ നിറയെ വള്ളികലോടുംകൂടി നില്‍ക്കുന്ന വലിയൊരു മരം ഉണ്ടായിരുന്നു. ആനയ്ക്ക് എത്താനാവാത്ത ഉയരത്തില്‍ എല്ലാവരും കയറിപ്പറ്റി.
ഒരാള്‍ പറഞ്ഞു “പാവം അവനെ ഇപ്പൊ ആന ചവിട്ടി കൊന്നുകാണും. അവനെക്കൂടി എടുത്തു കയറ്റാമായിരുന്നു”
അപ്പൊ അവര്‍ ഇരിക്കുന്നതിനു തൊട്ടു മുകളില്‍ ഒരു അശരീരി “നീ ഒക്കെ എന്നോടിത് ചെയ്യുമെന്ന് എനിക്കറിയാമായിരുന്നെടാ പട്ടികളേ.”
അത്ഭുതത്തോടെയും സന്തോഷത്തോടെയും അവര്‍ നോക്കിയപ്പോള്‍ മഞ്ചലില്‍ കിടന്നവനതാ ഇരിക്കുന്നു അവരെക്കാളും മുകളില്‍. ഓടിയവരെപ്പോലെ കലോടിഞ്ഞവനും അവന്റെ ജീവന്‍ വലുതായിരുന്നു. അങ്ങേര്‍ക്കു കാലു വയ്യെങ്കിലും തെഴെക്ക് കിടന്ന ഒരു വള്ളിയില്‍ പിടുത്തം കിട്ടി. മറ്റുള്ളവര്‍ വരുന്നതിനു മുന്‍പേ അങ്ങേര്‍ മുകളില്‍ എത്തുകയും ചെയ്തു.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ബുദ്ധികൊണ്ട് കഴിവ് തെളിയിച്ച ഒരുപാട് ആനകളെക്കുറിച്ച് പറയുന്നുണ്ട്. അതിലൊരു കഥയോട് സാമ്യമുള്ള കഥ വെല്ല്യഇച്ചാച്ചന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. രണ്ടു ഭാഗത്തും പൊക്കം കൂടിയ ഒരു വെല്യമ്മ കൂനിക്കൂടി വടിയും കുത്തി നടന്നു വരുകയായിരുന്നു. അപ്പോഴാണ് ഇടഞ്ഞ ആനയും അതിനെ വെറുതെ ഇട്ടോടിക്കുന്ന നാട്ടുകാരും ചേര്‍ന്ന സംഘം അതിലെ വന്നത്. ഓടി രക്ഷപെടാന്‍ പോയിട്ട് ദൂരേന്നു വരുന്നതെന്താ എന്നു കാണാന്‍ പോലുമുള്ള ശേഷി പാവം വെല്യമ്മക്കുണ്ടായിരുന്നില്ല. എന്തോ ഒരു വലിയ സാധനം ഓടി വരുന്നത് വെല്യമ്മ കണ്ടു. കണ്ണിനുമുകളില്‍ കൈ വെച്ച് പുള്ളിക്കാരി ചോദിച്ചു.
“എന്തുവാഡാ മക്കളെ ആ വരുന്നത് ”
ആ ചോദ്യത്തിന് ഉത്തരം കൊടുക്കാനുള്ള സമയം ആനക്കുണ്ടായിരുന്നില്ല. ഓടി വന്ന വഴിയെ വെല്ല്യമ്മയെ എടുത്തു ഒരു വശത്തെ തിട്ടയില്‍ കയറ്റി വെച്ചിട്ട് ആന പോയി. പുറകെ വന്ന നാട്ടുകാരാണ് വെല്യമ്മയെ താഴെ ഇറക്കിയത്. ഈ കഥകളൊക്കെ കേട്ട് വളര്‍ന്നതുകൊണ്ടാകും ആനയെ അകലെ നിന്നു കാണാനാല്ലാതെ അതിന്റെ അടുത്തുപോയി തൊടാനും നില്‍ക്കാനുമൊന്നുംന്നും ഞാനിതുവരെ ശ്രെമിചിട്ടില്ല. സത്യം പറഞ്ഞാല്‍ പേടിച്ചിട്ടാ കേട്ടോ.

Tuesday, March 24, 2015

ഇഞ്ചി



ഇഞ്ചി


ഇംഗ്ലീഷില്‍ ജിഞ്ചര്‍ (Ginger) എന്നും സംസ്കൃതത്തില്‍ അര്‍ദ്രകം എന്നും അറിയപ്പെടുന്ന ഇഞ്ചി സിറ്റാമിനേസി ( Scitaminaceae) സസ്യകുലത്തില്‍ പെട്ടതാണ്. സിഞ്ചിബര്‍ ഒഫിസിനേല്‍ (Zingiber officinale Rosc) എന്നാണ് ഇഞ്ചിയുടെ ശാസ്ത്രനാമം. 10-25 സെ.മീ. ഉയരത്തില്‍ വളരുന്ന ഈ സസ്യത്തിന്റെ ഇലകള്‍ പുല്‍ച്ചെടിയുടേതുപോലെ കൂര്‍ത്ത ഇലകളായിരിക്കും. കേരളത്തില്‍ സമൃദ്ധമായി വളരുന്നതാണിത്. മണ്ണിനുമുകളിലുള്ള സസ്യഭാഗം ആണ്ടുതോറും നശിക്കുമെങ്കിലും ഒരു ചിരസ്ഥായീ സസ്യമാണ് ഇഞ്ചി.
ജിന്‍ജെറോള്‍ എന്ന സുഗന്ധതൈലവും പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവയുമാണ് ഇഞ്ചിയിലെ മുഖ്യഘടകങ്ങള്‍. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തീക്ഷ്ണഗുണവുമാണ് ഇതിനുള്ളത്. ഭൂകാണ്ഡമാണ് ഔഷധമായി ഉപയോഗിക്കുന്നത്. ദഹനസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ല ഔഷധമാണ് ഇഞ്ചിയും ചുക്കും.
ചുക്കും ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് പൊടിച്ചു കഴിച്ചാല്‍ ചുമ ശമിക്കുകയും കഫം ഇളകിപ്പോകുകയും ചെയ്യും. ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പതിവായി സേവിച്ചാല്‍ രക്തസമ്മര്‍ദ്ദം മാറും. ഇഞ്ചിനീര് അരിച്ചെടുത്ത് ചെറുചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ കഠിനമായ ചെവിവേദന മാറും.
ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനത്തെ ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ഇഞ്ചി. വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നതുമാണ്. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറുവേദന, ആമവാതം, അര്‍ശസ് എന്നിവയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. ഓര്‍മ്മശക്തിയെ ഉണ്ടാക്കുന്നതും ഞരമ്പുരോഗങ്ങള്‍ക്ക് ഫലപ്രദവുമാണ്.
ഇഞ്ചി ചെറുതായി അരിഞ്ഞ് തൈരിലിട്ട് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ഉണ്ടാക്കുന്ന ഇഞ്ചിത്തൈര് ആയിരം കറികള്‍ക്ക് തുല്യമാണ്. ഇതിനാല്‍ ആയിരം കറി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു.
അര ഔണ്‍സ് ഇഞ്ചിനീരും സമം ഉള്ളിനീരും ചേര്‍ത്ത് കഴിച്ചാല്‍ ഓക്കാനവും ഛര്‍ദ്ദിയും മാറുന്നതായിരിക്കും. ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിക്കയോളം വലിപ്പത്തില്‍ ഉരുട്ടി കാലത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് രക്തവാതരോഗികള്‍ക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്. രക്തവാതം, എത്ര വര്‍ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും.
അര ഔണ്‍സ് ഇഞ്ചിനീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ പ്രമേഹത്തിന് ഉന്മൂലനാശം സംഭവിക്കും. നെഞ്ചുവേദനയും കുറയുന്നു. ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരൗണ്‍സ് ശുദ്ധമായ ആവണക്കെണ്ണ ചേര്‍ത്ത് കാലത്ത് വെറുംവയറ്റില്‍ കഴിച്ചാല്‍ അരക്കെട്ട് വേദന മാറും. തലവേദനയ്ക്ക് ഇഞ്ചിക്കഷ്ണം വെള്ളത്തില്‍ അരച്ച് നെറ്റിയില്‍ പുരട്ടിയാല്‍ ശമനം കിട്ടും.
നമ്മുടെ നാട്ടില്‍ ഫലസമൃദ്ധിയോടുകൂടി വളരുന്ന ഒരു ദിവ്യൌഷധമാണ് ഇഞ്ചി. ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ ധാരാളമാണ്. ഇത് അനേകം രോഗങ്ങള്‍ക്ക് പരിഹാരം നല്കുന്നു. ആയുര്‍വേദത്തിലെ മഹാവീര്യമുള്ള ഒരു ഔഷധമാണ് ഇഞ്ചി. ദഹനക്കേടിനും ഗ്യാസ്ട്രബിളിനും ഒരു നല്ല ഔഷധമാണ് ഇഞ്ചി
ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് കുടിച്ചാല്‍ ദഹനക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മാറിക്കിട്ടും. ഇഞ്ചിനീരില്‍ അത്രതന്നെ ചെറുനാരങ്ങയും കൂട്ടി ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ ദഹനക്കുറവും വായുസ്തംഭനവും പുളിച്ച് തികട്ടലും സുഖമാകും.
തൊണ്ടയടപ്പ്, തൊണ്ട വേദന, കഫം എന്നിവയ്ക്ക് ഇഞ്ചി കല്ക്കണ്ടം ചേര്‍ത്തു തിന്നാല്‍ മതി. ഗ്രഹണി, അഗ്നിമാന്ദ്യം, ഛര്‍ദ്ദി, വയറു വേദന,ആമവാതം, അര്‍ശസ്സ് എന്നിവയ്ക്ക് വളരെ ഫലപ്രദമാണ് ഇഞ്ചി.
അര ഔണ്‍സ് ഇഞ്ചി നീരില്‍ ഒരു ടീസ്പൂണ്‍ ഉലുവപ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ പ്രമേഹത്തിന് ശമനം കിട്ടും.
ഒന്നോ രണ്ടോ ടീസ്പൂണ്‍ ഇഞ്ചിനീരില്‍ ഒരു ഔണ്‍സ് ശുദ്ധമായ ആവണെക്കെണ്ണ ചേര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്ന പക്ഷം അരക്കെട്ട് വേദന മാറും.
ഇഞ്ചി തൊലി കളഞ്ഞ് ചെറുതാക്കി നുറുക്കുക. ഇത് നെയ്യില്‍ വറുത്തെടുത്ത് വാളന്‍ പുളിയുടെ നീരില്‍ മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിച്ച് കുറുകി വരുമ്പോള്‍ വാങ്ങി വെയ്ക്കുക. ഇത് ഔഷധമായി ഉപയോഗിക്കാവുന്നതാണ്.
അര ടീസ്പൂണ്‍‍ ചുക്ക് പൊടി ഇരട്ടി തേനില്‍‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍‍ ഒരാഴ്ച സേവിച്ചാല്‍ മുതുക് വേദന ശമിക്കും.
ഇഞ്ചിനീര് ഒരു നാഴി സമം പശുവിന്‍‍ നെയ്യും നാഴി പശുവിന്‍‍ പാലും ആറ് കഴഞ്ച് ഇഞ്ചി അരച്ചത് കല്കമായി ചേര്‍ത്ത് നെയ്യ് കാച്ചി കാല്കുടം വീതം കഴിക്കുകയാണെങ്കില്‍‍ ഗുമന്‍‍, ഉദര രോഗം, അഗ്നി മാന്ദ്യം മുതലായവ ശമിക്കും.
ഇഞ്ചിയും കുറുന്തോട്ടിയുംചേര്‍ത്തുള്ള കഷായം പനിനിവാരണത്തിന് ഉത്തമമാണ്.പനി,ചുമ, കഫകെട്ട് എന്നവക്ക് ചുക്ക്, കുരുമുളക്, തിപ്പല്ലി എന്നിവ സമമെടുത്ത് അതിന്റെ ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് രണ്ട് നേരം 20.മി.ലി.വീതം കുടിക്കുക.
ചുമ, ഉദരരോഗങ്ങള്‍, വിശപ്പില്ലായ്മ, തുമ്മല്‍, നീര് എന്നിവക്കെല്ലാം ഉപയോഗിക്കാം.
ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്ത് പലതവണ കവിള്‍ കൊള്ളുകയാണെങ്കില്‍ പല്ലുവേദന ഇല്ലാതാവും.
ഇഞ്ചിനീരും ചുണ്ണാമ്പിന്റെ തെളിനീരും ചേര്‍ത്ത് ദിവസം മൂന്നുനേരം പുരട്ടുകയാണെങ്കില്‍ ആണിരോഗം ശമിക്കും.
ഇഞ്ചി ഇടിച്ചുപിഴിഞ്ഞ നീരില്‍ ഉപ്പും കാന്താരിമുളകും ചേര്‍ത്ത് അര ഒണ്‍സ് കഴിക്കുകയാണെങ്കില്‍ വയറുവേദന മാറും. ഒരു കഷ്ണം ഇഞ്ചി, ഏലക്ക, വെളുത്തുള്ളി ഇവ ചേര്‍ത്തു മൂന്നുനേരം കഴിച്ചാല്‍ വയറുവേദന മാറും. ഇഞ്ചിനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിന് നല്ലതാണ്.
ഇഞ്ചിനീരും തേനും വെണ്ണയും ചേര്‍ന്ന മിശ്രിതം മുറിവുകളിലും വൃണങ്ങളിലും തേക്കുകയാണെങ്കില്‍ ഉണങ്ങിക്കിട്ടും.
ഇഞ്ചിനീരും തേനും ചേര്‍ന്ന മിശ്രിതം കഴിച്ചാല്‍ ദഹനം ശരിയാകുകയും വിശപ്പ് വര്‍ദ്ധിക്കുകയും ചെയ്യും.
അതിസാരം :കറുവപ്പട്ട, ചുക്ക്,ഗ്രാമ്പു, ജാതിക്ക എന്നിവ സമമെടുത്ത് പൊടിച്ച പൊടി 1.ഗ്രാം വീതം ദിവസം മൂന്ന് നേരം ചൂടുവെള്ളത്തില്‍ കലക്കി കുടിക്കുക.
ചുമക്ക് – ചുക്ക്, ജീരകം ഇവ പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക.
ഒരു കഷ്ണം ഇഞ്ചി തൊലി കളഞ്ഞ് കഴുകി നീരെടുത്ത് ചെറുതായി ചൂടാക്കി വേദനയുള്ള ചെവിയിലൊഴിച്ചാല്‍ ചെവിവേദന സുഖമാവും.
(കടപ്പാട്: കേരള ഇന്ന വേഷന്‍ ഫൌണ്ടേഷന്‍-കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാ വകുപ്പ് )