Wednesday, July 3, 2013

ദൈവത്തിന്റെ കളിപ്പാവകൾ

                                            മഴത്തുള്ളികൾ ചിന്നിച്ചിതറിയ ജനാലയിലൂടെ പുറത്തെ കാഴ്ചകൾ അവ്യക്തമായിരുന്നു. എങ്കിലും വഴിയിലൂടെ ആളുകളും വാഹനങ്ങളും തിരക്കിട്ട് പായുന്നത് അവൾ അതിലൂടെ നോക്കികൊണ്ടിരുന്നു. വേനലിന്റെ വെയിൽ  നിറഞ്ഞ പകലുകളിൽ മഴക്കുവേണ്ടി കാത്തിരുന്നവർ ഇപ്പൊ മഴയെ ശപിക്കുന്നുണ്ടാവാം. പക്ഷെ അവൾക്കൊരിക്കലും ഈ മഴയെ ശപിക്കാനാവില്ല. റീജിയണൽ കാൻസർ സെന്റെറിന്റെ വാർഡിൽ ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ  സഞ്ചരിക്കുന്ന ഒരുപാടു പേർക്കൊപ്പം അവളും മഴയെ കൊതിയോടെ നോക്കിക്കൊണ്ടിരുന്നു. ജെയിംസിന്റെയും ട്രീസയുടെയും ഒരേയൊരു മകളായ നീന. ഭൂമിയുടെ മാറിലേക്ക്‌ പലവട്ടം അലിഞ്ഞു ചേർന്നിട്ടും മതിയാകാതെ കൊതിയോടെ വാശിയോടെ ഭൂമിയെ പുൽകുന്ന മഴ. ഇനിയൊരിക്കലും കാണാൻ കഴിയാത്ത ആ കാഴ്ചകളെ നെഞ്ചോട്‌ ചേർത്തുകൊണ്ട് അവൾ നോക്കിയിരുന്നു. വീടിനു ചുറ്റും മഴക്കാലത്ത്‌ വെള്ളമോഴുകുന്നത്‌ കാണുമ്പോ അപ്പച്ച ൻ പറയുമായിരുന്നു എന്തൊരു മഴയാ ഈ മുടിഞ്ഞ മഴകാരണം റബർ വെട്ടും നടക്കില്ല. ഒന്ന് പുറത്തേക്കു ഇറങ്ങാനും പറ്റത്തില്ലല്ലോ ദൈവമേ. അപ്പച്ചന്റെ ആ വാക്കുകൾ ചിലപ്പോഴൊക്കെ  അവളെ മഴയെ വെറുക്കാൻ പഠിപ്പിച്ചു. കാലത്തിന്റെ ഒഴുക്ക് അവളെ പലതും പഠിപ്പിച്ചു. അക്കൂട്ടത്തിൽ മനുഷ്യൻ നല്ലതല്ലെന്ന് കരുതുന്ന പലതും കാലം നല്ലതാണെന്ന് തെളിയിക്കുമെന്നു അവൾ അറിഞ്ഞു. ഈ ഭൂമിയിലെ ഓരോ നിമിഷങ്ങളും വിലമതിക്കാനാവാത്തതാണെന്നും അവൾക്കു മനസ്സിലായി.  "നീനെ നീ ഉറങ്ങിയില്ലേ." മമ്മിയുടെ ചോദ്യമാണ് അവളെ ഓർമ്മകളുടെ നിദ്രയിൽ നിന്നും ഉണർത്തിയത്. ഇല്ല മമ്മീ  ഉറക്കം വന്നില്ല അവൾ പറഞ്ഞു. മോൾ ഉറങ്ങിക്കോ ഞാൻ ഇവിടെ ഇരിക്കാം. അമ്മ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് പറഞ്ഞു. അവൾ കണ്ണടച്ച് കിടന്നു. ഇനിയും മമ്മിയോട് സംസാരിച്ചാൽ മമ്മി കരയാൻ തുടങ്ങും. മമ്മിയുടെ ദൈന്യത നിറഞ്ഞ കണ്ണുകളിലേക്കു നോക്കാനാവാതെ അവൾ ഉറങ്ങാൻ ശ്രമിച്ചു. തുടരെ നടത്തിയ കീമോ തെറാപ്പികൾ അവളുടെ ശരീരത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെയായിരുന്നു.  പാവം എന്റെ മോള് ഈ ഇരുപത്തിമൂന്നാം വയസ്സിൽ അവൾക്കു ഇങ്ങനെ സംഭവിച്ചല്ലോ. എന്തൊക്കെ നേര്ച്ചകളും കാഴ്ചകളും നടത്തിക്കിട്ടിയ പെണ്‍തരിയാ. ചിന്തകള് വളരുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞുകൊണ്ടിരുന്നു. ഡോക്ടർമാരും വൈദ്യശാസ്ത്രവും കയ്യൊഴിഞ്ഞ അവൾക്കിനി ദൈവം മാത്രമേയുള്ളൂ. ഇന്ന് ഈ ആശുപത്രിയോട്‌ വിട പറയാം. ഇനി വീട്ടിൽ പോകാമെന്നാണ് ഡോക്ടർ പറഞ്ഞത്. അവരുടെ ഭാഷയിൽ ആശ്രയം നഷ്ടപ്പെട്ടവനോടും ജീവിതത്തിലേക്ക് തിരിച്ചുവന്നവനോടും പറയുന്ന ഒരേ വാക്ക്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കു പലപ്പോഴും ഒരു വാക്ക് അല്ലെങ്കിൽ ഒരു നിമിഷത്തിന്റെ വ്യത്യാസമേ കാണുകയുള്ളൂ.
                                            ചുറ്റും തൂമഞ്ഞു നിറഞ്ഞ വഴിയിലൂടെ ഒറ്റയ്ക്ക് നടക്കുകയായിരുന്നു അവൾ. എവിടെ എല്ലാവരും. ആരെയും കാണുന്നില്ലല്ലോ. അകലേക്ക്‌ അകലേക്ക്‌ നീണ്ടു പോകുന്ന പാത. ആരെങ്കിലും കാനുമെന്നുള്ള പ്രതീക്ഷയോടെ അവൾ ഓടാൻ തുടങ്ങി. ഇല്ല ആരുമില്ല. വല്ലാതെ കിതക്കുന്നു. ദാഹിക്കുന്നു എന്താണിങ്ങനെ. പെട്ടെന്നാണ് അപ്പച്ചന്റെ മോളേ  എന്നാ വിളി അവളെ  ഉണർത്തിയത്. മോളെ നമുക്ക് വീട്ടിലേക്കു പോകാം അപ്പച്ചൻ പറഞ്ഞു. മമ്മി അവളുടെ ഉടുപ്പുകളും മറ്റും അടുക്കി വെക്കുകയായിരുന്നു. പോകാം അപ്പച്ചാ അവൾ പറഞ്ഞുകൊണ്ട് എഴുന്നേറ്റിരുന്നു. അവൾ ചുറ്റും നോക്കി. ചുറ്റുമുള്ള കട്ടിലുകളിൽ കിടക്കുന്നവർ ഇങ്ങോട്ട് നോക്കുന്നുണ്ട്. എല്ലാവരുടെയും മൌനവും നിസ്സംഗതയും വേദനയും അവളുടെ കണ്ണുകളിലേക്കും  പകർന്നു. രണ്ടു ദിവസം മുൻപ് വന്ന ആ ചേച്ചിയുടെ കയ്യിൽ പിടിച്ചുകൊണ്ടു കരഞ്ഞുകൊണ്ടിരിക്കുന്ന ആ ചെറുപ്പക്കാരനെ അവൾ ശ്രദ്ധിച്ചു. മരണമെന്ന രംഗബോധമില്ലാത്ത കോമാളിക്ക് അവന്റെ പെറ്റമ്മയെ വിട്ടുകൊടുക്കാതിരിക്കാനാണ് അവൻ ശ്രമിക്കുന്നതെന്ന് അവൾ വെറുതെ ഓർത്തു. ആരോടും യാത്ര പറയാതെ അവർ മൂന്നുപേരും പുറത്തേക്കു നടന്നു. വേദനയും കണ്ണീരും ഇടകലർന്ന ഒരുപാടു ദിവസങ്ങൾ കഴിച്ചുകൂട്ടിയ ആ മുറിയെ അവൾ വെറുതെ തിരിഞ്ഞു നോക്കി. നിശബ്ദമായ ഒരു യാത്രാമൊഴിയോടെ അവൾ നടന്നു നീങ്ങി. മഴ കുടയുടെ വശങ്ങളിലൂടെ അവളെ നനയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ചുറ്റുമുള്ളതെല്ലാം നീന ഒരു കുട്ടിയുടെ കൌതുകത്തോടെ നോക്കികൊണ്ടിരുന്നു. മഴയിലൂടെ അങ്ങുമിങ്ങും സഞ്ചരിക്കുന്ന ഒരുപാട് മനുഷ്യർ. ആരും ആരെയും കാത്തുനില്ക്കുന്നില്ല. ആ മനുഷ്യർക്കും മഴയുടെ അതെ സ്വഭാവമാണെന്നു അവൾക്കു തോന്നി. ആരും ശ്രദ്ധിക്കനില്ലെങ്കിലും ആരെയും കൂസാതെ ഇപ്പോഴും പെയ്യുന്ന മഴപോലെ. അപ്പോഴാണ് അവളാ കാഴ്ച്ച കണ്ടത്. വീശിയടിച്ചു പെയ്യുന്ന മഴയോട് മല്ലടിക്കുന്ന നിറയെ കീറലുകൾ ഉള്ള കുടയുമായി വഴിവക്കത്തിരിക്കുന്ന ഒരു നാടോടി സ്ത്രീ. അവരുടെ കയ്യിൽ രണ്ടുവയസ്സ് പ്രായം തോന്നിക്കുന്ന ഒരു കൊച്ചുകുട്ടിയും മുൻപിൽ വച്ചിരിക്കുന്ന പ്ലാസ്റ്റിക്‌ പാത്രത്തിൽ നിറയെ കളിപ്പാട്ടങ്ങളും. വിശക്കുന്ന വയറുകളെ ജീവിതത്തിലേക്ക് പിടിച്ചു നിറുത്താൻ ആ സ്ത്രീക്കുള്ള ഒരേ ഒരു വരുമാന മാർഗമായിരിക്കും ആ കളിപ്പാട്ടങ്ങൾ. അവൾ മമ്മിയോടു പറഞ്ഞു മമ്മീ ഒന്നു നില്ക്കൂ. എന്താ മോളെ. നിനക്ക് എന്തെങ്കിലും വാങ്ങണോ? മമ്മിയുടെ ചോദ്യത്തിനു മറുപടി പറയാതെ അവൾ അങ്ങോട്ട്‌ നടന്നു. പ്ലാസ്റ്റിക്‌ കൊണ്ടുള്ള വിലകുറഞ്ഞ കുറെ കളിപ്പാട്ടങ്ങളായിരുന്നു അവർ വിൽക്കാൻ വെച്ചിരുന്നത്. നിറയെ കറുത്ത പുള്ളികളുള്ള ഒരു പ്രാവിന്റെ പാവ അവൾക്കു ഒരുപാടു ഇഷ്ടപ്പെട്ടു. അത് കയ്യിലെടുത്തു അവൾ അപ്പച്ചനെ നോക്കി. മോൾക്കിഷ്ടമുള്ളത് വാങ്ങിക്കോ അപ്പച്ചൻ സ്നേഹപൂർണമായ സ്വരത്തിൽ പറഞ്ഞു. ആ പാവയിലേക്ക് ഉറ്റുനോക്കുന്ന രണ്ടു കുഞ്ഞിക്കണ്ണുകളും അവൾ കണ്ടു. എനിക്ക് രണ്ടു പാവ വേണം അവൾ ആ സ്ത്രീയോട് പറഞ്ഞു. രണ്ടു പാവയും മേടിച്ചിട്ട് അതിലൊരെണ്ണം അവൾ ആ കുഞ്ഞിക്കയ്കളിലേക്ക് കൊടുത്തു. അപ്പോൾ ആ മുഖത്തുണ്ടായ അത്ഭുതത്തിലും സന്തോഷത്തിലും തന്റെ വേദനകൾ അലിഞ്ഞില്ലാതാകുന്നതുപോലെ നീനയ്ക്ക് തോന്നി.
വീട്ടിലേക്കുള്ള യാത്രയിൽ ഓര്മ്മകളുടെ ലോകത്തായിരുന്നു അവൾ. നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും എല്ലാം അവളുടെ ഓർമ്മകളിൽ നിറഞ്ഞു. എല്ലാവരുടെയും ഒമനയായിരുന്നു താൻ, എത്ര സന്തോഷകരമായിരുന്നു ആ നാളുകൾ. ആ ഓർമ്മകളിൽ സ്വയം അലിഞ്ഞില്ലാതെയാകുവാൻ അവൾ കൊതിച്ചു. വേദനയുടെ ആഴക്കയങ്ങളിൽ മരുന്നിന്റെ കച്ചിത്തുരുമ്പിൽ പിടിച്ചു അവൾ ദിവസങ്ങൾ  തള്ളി നീക്കി. കൂട്ടിനു അവളുടെ പ്രിയപ്പെട്ട ആ പാവയും ഉണ്ടായിരുന്നു.
                                            മമ്മീ മമ്മീ...അവളുടെ വേദനെയോടെയുള്ള വിളി കേട്ടാണ് ട്രീസ ഉണർന്നത്. എന്താ മോളെ എന്ത് പറ്റി ? മമ്മീ എനിക്ക് പേടിയാകുന്നു. എനിക്ക് പേടിയാകുന്നു...അവൾ അർഥമില്ലാതെ എന്തൊക്കെയോ പുലമ്പാൻ  തുടങ്ങി. അച്ചായാ നമുക്ക് മോളെ ആശുപത്രിയിൽ കൊണ്ടുപോകാം. ട്രീസ കരയാൻ തുടങ്ങി. നീ വേഗം മോളുടെ ഡ്രസ്സ്‌ എല്ലാം എടുത്തോ ഞാൻ ആംബുലൻസ് വിളിക്കാം. ആശുപത്രിയെ ലക്ഷ്യമാക്കി ആംബുലൻസ് കുതിച്ചുപായുമ്പോൾ ദൈവത്തെ വിളിച്ചു കരയുകയായിരുന്നു ആ മാതാപിതാക്കൾ. അച്ചായാ മോള്  മിണ്ടുന്നില്ല ട്രീസ നിലവിളിയോടെ പറഞ്ഞു. മകളുടെ കരം പിടിച്ചുനോക്കിയ ആ പിതാവ് വേദനയോടെ ആ സത്യം മനസ്സിലാക്കി കണ്ണീരും വേദനയും ഇല്ലാത്ത ഒരു ലോകത്തേക്ക് അവൾ പോയിരിക്കുന്നു. ഒരിക്കലും തിരിച്ചു വരാതെ. മകളുടെ നിശ്ചലമായ ശരീരത്തിലേക്ക് ട്രീസ ബോധംകെട്ടു വീണു.
                                            ആശുപത്രിയിൽനിന്നും തിരികെ അവളുടെ പ്രിയപ്പെട്ട വീട്ടിലേക്കു അവളെ കൊണ്ടുവന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ആയ ഒരുപാടുപേർ അവളെ നിത്യതയിലേക്ക് യാത്രയാക്കാൻ എത്തിയിരുന്നു. അപ്പോൾ എവിടെ നിന്നോ ഒരു പ്രാവ് അവിടെ പറന്നെത്തി. കറുത്ത പുള്ളികളുള്ള ഒരു പ്രാവ്. ആ വീട്ടിൽ നിന്നും പിന്നെ ആ പ്രാവ് ഒരിക്കലും പോയില്ല.
                                            (ഇത് ഒരു വെറും കെട്ടുകഥയോ എന്റെ ഭാവനയോ അല്ല. ഈ കഥയിലെ പേരുകൾ സാങ്കല്പികമാണെങ്കിലും എന്റെ ഒരു ഫ്രണ്ടിന്റെ കസിന്റെ ജീവിത കഥയാണ് ഇത്. മനുഷ്യൻ ഇനിയും തിരിച്ചറിയാത്ത ഒരുപാട് കാര്യങ്ങൾ ബാക്കി നില്ക്കുന്ന ഈ ലോകത്ത് മറ്റൊരു ചോദ്യമായി ഞാനിതു സമര്പ്പിക്കുന്നു. ദൈവത്തിനു മാത്രം ഉത്തരം പറയാൻ കഴിയുന്ന ഒരു ചോദ്യം.)