Thursday, February 18, 2016

തോണിയംകാട് ട്രെക്കിംഗ് - 24/01/2016



                        എന്താന്നറിയില്ല ഒരേ അലാം ടോൺ  മൂന്നു പ്രാവശ്യം കേട്ട് ഉണർന്നാൽ നാലാം ദിവസം അത് കേട്ടാൽ ഉണരത്തില്ല.  ഈ ഒരേ ഒരു കാരണം കൊണ്ട് പല പ്രാവശ്യം പണി കിട്ടിയിട്ടുള്ളതിനാൽ പല ടോണിലുള്ള നാലു റിങ്ങ്ടോൺ ആണ് ഞാൻ ഞായറാഴ്ച രാവിലെ പ്രവർത്തിക്കാൻ റെഡി ആക്കി വെച്ചത്. എന്ത് സംഭവിച്ചാലും ഈ യാത്ര മുടങ്ങരുത് എന്നുള്ളത് എന്റെ ഒരു വാശി ആയിരുന്നു. എന്തയാർ എന്നാ സ്ഥലത്ത് നിന്നും വാഗമൺ വരെ കാട്ടിലൂടെ ഒരു യാത്ര എന്ന് മാത്രമേ എനിക്കറിയാമായിരുന്നുള്ളൂ . വെറും മൂന്നു ആഴ്ച മാത്രമുള്ള ഈ വെക്കേഷനിൽ ഇത് രണ്ടാമത്തെ യാത്രയാണ്. പാൽക്കുളം മേട്ടിലേക്കുള്ള ആദ്യ യാത്രയുടെ സന്തോഷം മനസ്സിലേക്ക് വീണ്ടും വീണ്ടും നിറച്ചു ഞാൻ ഉറങ്ങാൻ കിടന്നു.
                        അലാം ആദ്യത്തെ റിംഗ് തന്നെ എന്നെ ഉണർത്തി . സമയം അഞ്ചുമണി. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞപ്പോഴേക്കും അഞ്ചേമുക്കാൽ ആയി. എന്റെ കൂടെ വരാമെന്ന് ഏറ്റിരിക്കുന്നത് ജോമോൻ എന്ന ഫ്രെണ്ട് ആണ്. വേറെ പലരെയും കൂടെ വരാൻ ഞാൻ നിർബന്ധിച്ചതാണ്. ഒരുത്തനും വന്നില്ല. ഒരു കുപ്പി ഉണ്ടെന്നു പറഞ്ഞാൽ എല്ലാവനും വരും. എന്നാൽ വെള്ളമടിക്കാനല്ലാതെ കാട് കാണാൻ പോകാം എന്ന് പറഞ്ഞാൽ ഒരുത്തനും വരില്ല. കാടും മലയും പുഴയുമൊക്കെ ഇപ്പൊ പ്രവാസികൾ കാണുന്ന സ്വപ്നത്തിലേ ഉള്ളൂ നാട്ടിൽ ജീവിക്കുന്നവർക്ക് സ്വന്തം നാടിന്റെ വില അറിയത്തില്ലല്ലോ.
                       ജോമോനെ മൊബൈൽ എടുത്തു വിളിച്ചു. അവൻ പറഞ്ഞു
"6 മണിക്കല്ലേ ബ്രോ ഞാൻ എത്തിയേക്കാം". കർത്താവേ ഇനി ഇവനും പറ്റിക്കുമോ?
പറഞ്ഞപോലെ അവൻ 6 മണിക്ക് തന്നെ എത്തി. അവന്റെ ബൈക്കിൽ കയറി കൃത്യം 6 മണിക്ക് തന്നെ ഞങ്ങൾ തിരിച്ചു. എന്റെ നാടായ തൊടുപുഴെ നിന്നും പാലാ വരെ എത്തണം. എട്ടുമണിക്ക് മധുച്ചേട്ടനും ടീമും പാലാ എത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഞങ്ങൾ 7.30ന് തന്നെ പാലാ എത്തി. എട്ടെകാലായപ്പൊഴെക്കും അവരുടെ വാഹനം എത്തി ചേർന്നു.വണ്ടിയിൽ കയറി അതിൽ തിങ്ങി നിറഞ്ഞു അക്ഷമയോടെ ഇരിക്കുന്ന ആളുകളെ കണ്ടപ്പോൾ  എനിക്ക് മനസ്സിലായി പ്രകൃതിയെ സ്നേഹിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന്.
                       പാലായിൽ നിന്നും ഞങ്ങളുടെ വാഹനം ഈരാറ്റുപേട്ട വഴി എന്തയാർ എന്ന സ്ഥലത്ത് എത്തി. അവിടെ നിന്നും ഒരു നാലഞ്ചു കിലോമീറ്റർ അകലെ വല്ല്യെന്ത എന്ന സ്ഥലത്താണ് ഞങ്ങളുടെ വാഹനം നിന്നത്. അപ്പോൾ സമയം 10.45 ആയിരുന്നു. കുറച്ചു കൂടി നേരത്തെ എത്താമായിരുന്നു എന്നു തോന്നി. ആ തോന്നലിനു ശക്തി കൂട്ടിക്കൊണ്ട് ഞങ്ങളുടെ ഗൈഡുമാരിൽ ഒരാളായ പ്രിജു ചേട്ടൻ പറഞ്ഞു രാവിലെയൊക്കെ ഇവിടെ നല്ല കോടമഞ്ഞ്‌ ഉണ്ടായിരുന്നു എന്ന്. മലഞ്ചെരുവിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്‌. താഴെ കുത്തനെ ഉള്ള താഴ്ച്ച. എങ്ങും പച്ചപ്പിന്റെ ആഘോഷം മാത്രം.
റോഡിൽ നിന്നും താഴേക്കു നോക്കുമ്പോൾ കാണുന്ന ദൃശ്യം 
                        റബ്ബർ മരങ്ങളും കാപ്പിയും തിങ്ങി നിറഞ്ഞ പച്ചപ്പിന്റെ വിരിപ്പിൽ മുകളിലേക്കുള്ള റോഡിന്റെ കാഴ്ച്ച ഞങ്ങളിൽ ആവേശം നിറയ്ക്കാൻ തുടങ്ങി. സാധനങ്ങളെല്ലാം എടുത്ത്  എല്ലാവരും നടക്കാൻ തുടങ്ങി. ഈ ടീമിൽ വളരെ കുറച്ചു ആളുകളെ മാത്രമേ ഞാൻ അറിയുകയുള്ളൂ. ടീമിലെ ചെറുപ്പക്കാരനായ ചാക്കോ, മൂന്നു കുട്ടികളുടെ അച്ഛനാണെങ്കിലും ചാക്കൊയെക്കാളും ചെറുപ്പവും ആക്റ്റീവും ആയ ഗിരിച്ചേട്ടൻ, ട്രെക്കിങ്ങിന്റെ ഏകോപനം നടത്തുന്ന രാജു ചേട്ടൻ പിന്നെ നമ്മൾ ഇത് വരെ കണ്ടിട്ടില്ലാത്ത കേരളത്തിന്റെ പ്രകൃതി സൌന്ദര്യം ഓരോ ദിവസവും നമ്മളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി സ്നേഹിയും ബ്ലോഗ്ഗറുമായ മധുച്ചേട്ടൻ എന്നിവരാണ് ഈ ടീമിൽ എനിക്കറിയാവുന്ന ആൾക്കാർ. മെറ്റൽ ഇളകി കിടന്നിരുന്ന ആ വഴിയിലൂടെ ഞങ്ങൾ മുകളിലേക്ക് നടന്നു തുടങ്ങി.


റോഡിലൂടെ മുകളിലേക്ക് 
                        കുറച്ചു ദൂരം നടന്നപ്പോൾ എല്ലാവരോടും നിൽക്കാൻ ഞങ്ങളുടെ ഗൈഡ് ആയ മനോജ്‌ ചേട്ടൻ ആവശ്യപ്പെട്ടു. പിന്നെ അദ്ദേഹം ഞങ്ങൾ ട്രെക്കിംഗ് ചെയ്യാൻ പോകുന്ന സ്ഥലത്തിനെക്കുറിച്ചും വഴികളെക്കുറിച്ചും ഒരു ലഘു വിവരണം തന്നു. ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന സ്ഥലത്തിന്റെ പേര് വല്ല്യെന്ത എന്നാണു അറിയപ്പെടുന്നത്. Vally of Entha ആണ് വല്ല്യെന്ത ആയി മാറിയത്. ഞങ്ങൾ കടന്നു പോകുന്നത് പലതരം ഭൂപ്രദേശങ്ങളിലൂടെ(Terrain) ആയിരിക്കും. ചിലയിടത്ത് പാറക്കല്ലുകൾ മാത്രം ചിലയിടങ്ങളിൽ പുൽമേടുകൾ ചില സ്ഥലത്ത് കുറ്റിക്കാടുകൾ മാത്രം. ഞങ്ങൾ പോകുന്ന സ്ഥലത്തിന്റെ പേര് തോനിയം കാട് എന്നാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാന്റേഷൻ ആയിരുന്നു ജെ.ജെ. മർഫി എന്ന സായിപ്പിന്റെ കയ്യിൽ ഇരുന്ന ഈ സ്ഥലം. ഇപ്പോൾ സർക്കാർ ഉടമസ്ഥതയിൽ കാടാക്കി മാറ്റാൻ ഇട്ടിരിക്കുകയാണ്. ഏലവും കാപ്പിയും ഒരുപാടുണ്ട്.



ഗൈഡായ മനോജ്‌ ചേട്ടന്റെ വിവരണം  
                        ഞങ്ങൾ നടന്നുകൊണ്ടിരിക്കുന്ന വഴിയുടെ വലതു വശത്തായി ചെറിയൊരു നടപ്പാത മുകളിലേക്ക് കാണുന്നുണ്ട്. അതിലൂടെയാണ് ഞങ്ങൾക്ക് പോകേണ്ടത്. അതിന്റെ ഒരു വശത്തുകൂടി ചെറുതായി വെള്ളം ഒഴുകുന്ന ഒരു അരുവിയും ഉണ്ട്.                    


മലമുകളിൽ നിന്നും ഒഴുകി എത്തുന്ന അരുവി 
                        ഓരോരുത്തരായി മുകളിലേക്ക് കയറി തുടങ്ങി. നിറയെ കാപ്പിയും കുരുമുളകുമാണ് . പൂത്തു നിൽക്കുന്ന കാപ്പിച്ചെടിയുടെ ഗന്ധം ഉള്ളിൽ കയറി മത്തു പിടിപ്പിച്ചു തുടങ്ങി. കുറെ നേരം ആ ഗന്ധം ഉള്ളിൽ ചെന്നാൽ ചിലർക്ക് തലവേദന വരും. കുറെ ദൂരത്തേക്കു പൂത്തു നിൽക്കുന്ന കാപ്പിചെടികളുടെ ഇടയിലൂടെ ഉള്ള ഒറ്റയടിപ്പാതയിലൂടെ ആയിരുന്നു യാത്ര. കുത്തനെ ഉള്ള കയറ്റം ആണെങ്കിലും കാലുകൾ ഓടാൻ കൊതിക്കുന്നുണ്ട്.


കാപ്പി പൂക്കൾ 
                        പെട്ടെന്ന് ചെറിയൊരു കെട്ടിടം കണ്ടു. അതിന്റെ മുറ്റത്ത്‌ ഉണങ്ങാൻ ഇട്ടിരിക്കുന്ന കാപ്പിക്കുരു. തൊട്ടടുത്ത് ഒരു ആട്ടിൻകൂടും കൂടും കുറെ ആടുകളും. ഇത്രയും മനുഷ്യരെ ആദ്യമായിട്ടായിരിക്കും ആടുകൾ കാണുന്നത്. ചുറ്റും കുറെ പച്ചക്കറികൾ ഒക്കെ നാട്ടുവളർത്തുന്നുണ്ട്.





                        ടീമിലെ ഒരാൾക്ക്‌ നടക്കാൻ ബുദ്ധിമുട്ട് എല്ലാവരും നിന്നു. അയാൾക്ക്‌ ഇനിയും കയറാൻ സാധ്യമല്ല എന്ന് ബോധ്യമായി. അയാളെ കൊണ്ടുപോയി വിടാൻ രണ്ടു പേർകൂടി പോയി. ബാക്കിയുള്ളവര വീണ്ടും നടക്കാൻ തുടങ്ങി. കുറച്ചു മുൻപിലായി മരങ്ങൾ തിങ്ങി നിറഞ്ഞ സ്ഥലം കണ്ടു. അതുകഴിഞ്ഞപ്പോൾ വെള്ളമില്ലാതെ പാറക്കെട്ടുകൾ തിങ്ങി നിറഞ്ഞ ഒരു സ്ഥലം എത്തി. ഇനി അതിലൂടെ വേണം മുകളിലേക്ക് കയറാൻ. വെള്ളമില്ലാഞ്ഞിട്ടു പോലും സുന്ദരമായ ആ സ്ഥലത്ത് മഴക്കാലത്ത് വരാൻ പറ്റിയെങ്കിൽ എന്ന് ആശിച്ചു പോയി. സമയം 12.00 ആയി.


                        കുറച്ചു നേരത്തെ കാത്തിരുപ്പിനു ശേഷം ക്ഷീണിതനായ ആളെ കൊണ്ടുവിടാൻ പോയവർ തിരിച്ചെത്തി. അവിടെ നിന്നും ഞങ്ങൾ യാത്ര തിരിച്ചു. പറക്കെട്ടുകളിലൂടെ പിടിച്ചു കയറി സാഹസികമായ യാത്ര. കയറാൻ ബുദ്ധിമുട്ടുന്നവരെ മറ്റുള്ളവർ സഹായിച്ചു. പരസ്പരം സംസാരിച്ചും ചിരിച്ചും എല്ലാവരും ഉത്സാഹത്തോടെ കയറ്റം തുടർന്നു. പേരറിയാത്ത ഏതൊക്കെയോ കാട്ടുപനകൾ വിടർന്നു നിന്ന് അതിരിട്ട ആ വെള്ളമില്ലാത്ത അരുവിയിലൂടെ ഞങ്ങൾ മുന്നോട്ടു നീങ്ങി. പരിചയമില്ലാത്തവർക്ക് കഠിനം തന്നെ ആയിരുന്നു ആ യാത്ര.








                        സമയം 12.30 ആയി. ആ അരമണിക്കൂർ യാത്ര അവസാനിച്ചത് കുത്തനെ ഉള്ള ഒരു പാറയുടെ താഴെയാണ്. ഇനി മുകളിലേക്ക് കയറണമെങ്കിൽ കയർ ഉപയോഗിക്കണമെന്ന് ഗൈഡ് മനോജ്‌ ചേട്ടൻ പറഞ്ഞു. ഇതിലൂടെ അല്ലാതെ വേറെ മറ്റൊരു വഴികൂടിയുണ്ടെങ്കിലും ഇതിലൂടെ തന്നെ കയറാൻ എല്ലാവരും തീരുമാനിച്ചു. മനോജ്‌ ചേട്ടൻ കൊണ്ടുവന്ന കെട്ടുകൾ ഉള്ള കയറുമായി ആദ്യം കയറി. പിന്നാലെ ഓരോരുത്തരായി കയറിക്കൊണ്ടിരുന്നു. കയറാൻ ബുദ്ധിമുട്ടിയവരെ മറ്റുള്ളവരുടെ സഹായത്തോടെ മുകളിലെത്തിച്ചു. ഈ ട്രെക്കിങ്ങിലെ ഏറ്റവും സാഹസികമായ ഭാഗമായിരുന്നു അത്.






                        ശെരിക്കും അതൊരു വെള്ളച്ചാട്ടമായിരുന്നു. വെള്ളമില്ലാത്തതുകൊണ്ട് ഉണങ്ങി കിടക്കുകയാണ് എങ്കിലും ചിലയിടത്ത് നനവുണ്ടായിരുന്നു. അവിടെ വീണുകിടന്നിരുന്ന മുളയുടെ ഇലകളിൽ ചവിട്ടി ചിലരെങ്കിലും വഴുതി വീണെങ്കിലും എല്ലാവരെയും സുരക്ഷിതമായി മുകളിലെത്തിക്കാൻ നമ്മുടെ ടീമിന് കഴിഞ്ഞു. അതിനു മുകളിലേക്ക് കയറി ചെന്നപ്പോൾ വഴി തടഞ്ഞു നിൽക്കുന്നത് പോലെ വളരെ വലിയ ഒരു പാറയാണ്‌ ഞങ്ങളെ എതിരേറ്റത്. കുടപോലെ നിൽക്കുന്ന അടിയിൽ ധാരാളം ഗുഹകൾ ഉള്ള അതിന്റെ അടിയിൽ നിന്നും കുറെ പേർ ഫോട്ടോ എടുത്തു. ഇനി അതിന്റെ വലതു വശത്തുകൂടി വേണം പോകാൻ.



ധ്യാനനിരതനായ നിരക്ഷരൻ (Famous Malayalam Blogger
                        സമയം 1.20 ആയിരിക്കുന്നു. ആ വലിയ പാറയുടെ വശത്തുകൂടി ചെന്നപ്പോൾ കണ്ടത് പനയോലകളുടെ മറപിടിച്ച വലിയ രണ്ടു പാറകൾക്ക് ഇടയിലൂടെ ഉള്ള ഒരു ഇടുങ്ങിയ വഴിയിലാണ്. അവിടെനിന്നും സാഹസികമായി എല്ലാവരും വലിഞ്ഞു കയറി.



                        കുറച്ചുകൂടി ചെന്നപ്പോൾ പാറക്കെട്ടുകളിൽ നിന്നും മാറി കുത്തനെയുള്ള ചരിവുകളിലൂടെയായി ഞങ്ങളുടെ പ്രയാണം. അടിക്കാടുകൾ കുറവായ ഇവിടെനിന്നും താഴേക്കു വീണാൽ വലിയ മരങ്ങളിൽ തട്ടി വളരെ താഴേക്കു വീഴാൻ സാദ്ധ്യത ഉണ്ട്. അതിനാൽ വളരെ സൂക്ഷിച്ചാണ് ഞങ്ങൾ ഓരോ ചുവടും വെച്ച് നീങ്ങിയത്. പേരറിയാത്ത ഏതോ ഒരു പക്ഷികളുടെ കരച്ചിലുകൾ. അകലെ കാണുന്ന നീലമലകൾ. പേടിയുണ്ടെങ്കിലും എല്ലാവരും സൂക്ഷിച്ച് നടന്നു നീങ്ങി. കുറച്ചു കയറ്റം കയറി ചെന്നപ്പോൾ ചെറിയൊരു ഇറക്കവും അരുവിയും കണ്ടു. ഇവിടെ വെച്ച് ഭക്ഷണം കഴിച്ചിട്ട് യാത്ര തുടരാമെന്ന് തീരുമാനിച്ചു. അവിടെയുള്ള പാറയുടെ മുകളിൽ ഇരുന്ന് കൊണ്ട് വന്ന ഭക്ഷണം ഞങ്ങൾ കഴിക്കുവാൻ ആരംഭിച്ചു. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഇത്രയും രുചി ഉണ്ടെന്നും ജാതിയും മതവും ലിംഗവും വർണവും ഒന്നുമല്ലെന്നും മനസ്സിലാകണമെങ്കിൽ ഓരോ മനുഷ്യനും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകണം. മനുഷ്യൻ മനുഷ്യനായി മാറണമെങ്കിൽ പ്രുകൃതിയോടു സ്നേഹവും കൂടുതൽ അറിയാനുള്ള ആഗ്രഹവും മാത്രം മതി. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്ന സ്ഥലത്തിന് മുകളിലായി ഒരു വെള്ളച്ചാട്ടം ഉണ്ടായിരുന്നു. അവിടെ നിന്ന് കുറച്ചു ഫോട്ടോസ് എടുത്തു.





                        സമയം 2.20 ആയി. ഭക്ഷണാവശിഷ്ടങ്ങൾ ഒഴികെ പ്ലാസ്റ്റിക് കുപ്പികളും പാത്രങ്ങളും ഒന്നും ആ വനഭംഗിയെ കോട്ടം വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു കൊണ്ട്  ഭക്ഷണത്തിനും അതിനു ശേഷമുള്ള ചെറിയ വിശ്രമത്തിനും ശേഷം ഞങ്ങൾ അവിടെ നിന്നും തിരിച്ചു. ഇനിയും മുന്നോട്ട് പോകുന്നത് കുത്തനെ ഉള്ള ചരിവുകളിലൂടെയാണ്. രണ്ടു വശങ്ങളിലും വളർന്നു നിൽക്കുന്ന ഇല്ലിമുളകൾ.


മുളം കാടുകൾക്കിടയിലൂടെ 



               
                        മുളകൾക്കിടയിലൂടെ പോകുന്ന ഒറ്റയടിപ്പാതയിലെ നടപ്പ് കാണാൻ സുന്ദരമാണെങ്കിലും അപകടം പിടിച്ചതുമായിരുന്നു. പച്ചപ്പിന്റെ നിഗൂഡമായ സൌന്ദര്യമാണ് എല്ലായിടത്തും. മുളയുടെ ഇലകളിൽ ചവിട്ടിയാൽ വഴുതി വീഴാൻ നല്ല സാദ്ധ്യതയുണ്ട്. വളരെ സൂക്ഷിച്ചു നടന്നില്ലെങ്കിൽ താഴേക്ക്‌ പതിക്കും.





                        പിന്നീട് കുറെ ദൂരത്തേക്കു ഒരാൾ പൊക്കത്തിൽ കൂട്ടമായി വളർന്നു നിന്നിരുന്ന പേരറിയാത്ത ഏതോ ഒരു ചെടിയുടെ ഇടയിലൂടെ ആയിരുന്നു. കാടിന്റെ പച്ചപ്പും കാലാവസ്ഥയും നിലനിർത്തുന്നതിൽ ഇത്തരം അടിക്കാടുകളുടെ പങ്ക് വളരെ വലുതാണ്‌.  പല സ്ഥലത്തും അവിടെ ഒരു വഴി ഉണ്ടായിരുന്നതിന്റെ ഒരു തെളിവും ശേഷിക്കുന്നുണ്ടായിരുന്നില്ല. മുൻപേ പോകുന്ന ആളിന്റെ പിന്നാലെ ഓരോരുത്തരായി കയറി പൊയ്ക്കൊണ്ടിരുന്നു.



                        പോകുന്ന വഴിയിൽ പലയിടത്തും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കാലത്തിന്റെ ബാക്കിപത്രമായി കാണപ്പെട്ടു. മനുഷ്യൻ എന്തൊക്കെ കെട്ടിയുണ്ടാക്കിയാലും പ്രകൃതി എന്നെങ്കിലും അതൊക്കെ തിരിച്ചു പിടിക്കും എന്ന സത്യം മനസ്സിലാക്കാൻ മനുഷ്യന് ഇനിയും കഴിഞ്ഞിട്ടില്ല. സമയം 3.15 ആയി. കുറച്ചുകൂടി മുകളിൽ എത്തിയപ്പോൾ ജീർണിച്ചു തുടങ്ങിയെങ്കിലും കുറച്ചു നാൾ മുൻപുവരെ ആരോ ഉപയോഗിച്ചിരുന്ന ഒരു കെട്ടിടത്തിനു മുൻപിലെത്തി. അവിടെ കുറച്ചു നേരം ഇരുന്നു വിശ്രമിക്കാം എന്ന് തീരുമാനിച്ചു. ആരൊക്കെയോ കൊണ്ടുവന്ന പലഹാരങ്ങൾ എല്ലാവരും കൂടി പങ്കിട്ടു കഴിച്ചു.



                         വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. അവിടെ നിന്ന് നോക്കിയാൽ ഞങ്ങൾക്ക് കയറാനുള്ള മല വളരെ അടുത്താണെന്ന് തോന്നും. പക്ഷെ ഇനിയും വളരെ ദൂരം പോകാനുണ്ട്. തൊട്ടുമുൻപിൽ ഇടവിട്ട്‌ വലിയ മരങ്ങൾ നിറഞ്ഞ വളരെ സുന്ദരമായ ഒരു താഴ്‌വരയാണ് ഞങ്ങളെ വരവേറ്റത്. അതിനു മുകളിലെ ഒറ്റയടിപ്പാതയിലൂടെ ഞങ്ങൾ നടന്നു.



                         തിങ്ങിനിറഞ്ഞ കാടുകൾക്കുള്ളിലൂടെ നടന്നു ഞങ്ങൾ വേറൊരു ഭാഗത്ത് എത്തി. രണ്ടു വശത്തും തലയ്ക്കു മുകളിൽ വളർന്നു നിൽക്കുന്ന ഏലചെടികൾ നിറഞ്ഞ പ്രദേശം. ചിലത് പൂവിട്ടും കായ്ച്ചും നിൽക്കുന്നുണ്ട്. ഏലചെടികൾ കാണാത്തവർക്ക് ആവേശം പകരുന്ന കാഴ്ച്ച ആയിരുന്നു അത്. മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഈ സ്ഥലം കുറച്ചുകൂടി ഇരുണ്ടു കാണപ്പെട്ടു. അങ്ങിങ്ങായി ഒടിഞ്ഞു വീണു കിടക്കുന്ന മരങ്ങളെ മറികടന്നാണ് ഞങ്ങൾ യാത്ര ചെയ്തു കൊണ്ടിരുന്നത്.








                         ആവേശപൂർവ്വമുള്ള നടപ്പിനിടയിൽ ഞങ്ങൾ ഒരു നീർച്ചോലക്കരികിൽ എത്തി. കയ്യിലുണ്ടായിരുന്ന വെള്ളം തീർന്നുപോയവർ ആ പ്രകൃതിദത്തമായ ജലം കുപ്പികളിൽ നിറച്ചു. നനവുള്ളതുകൊണ്ട് അവിടെ അട്ടകൾ കാണാൻ സാദ്ധ്യത ഉള്ളതിനാൽ ഞങ്ങൾ വേഗം അവിടെനിന്നും നടന്നു. സമയം 4.00 ആയപ്പോഴേക്കും ഒറ്റപ്പെട്ടതെങ്കിലും മനുഷ്യവാസം ഉണ്ടായിരുന്നു എന്ന് തോന്നിക്കുന്ന കരിങ്കല്ലു കൊണ്ട് പണി തീർത്ത ഒരു കെട്ടിടത്തിനു മുൻപിൽ ഞങ്ങൾ എത്തി. ചുറ്റും ഏലവും, കാപ്പിയും, കുരുമുളകും, കവുങ്ങും  പേരറിയാത്ത ഏതൊക്കെയോ മരങ്ങളും നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് അത്.  ഇവിടെ കുറച്ചു സമയം ഇരുന്നു വിശ്രമിക്കുകയും പരസ്പരം പരിചയപ്പെടുകയും ചെയ്യാമെന്നു മധു ചേട്ടൻ പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു. കിട്ടിയ സ്ഥലത്ത് കുറച്ചു പേര് ഇരിക്കുകയും ബാക്കിയുള്ളവർ നിൽക്കുകയും ചെയ്തു.
                         കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ എല്ലാവരും പരസ്പരം സംസാരിക്കുകയും സഹായിക്കുകയും ഒക്കെ ചെയ്തെങ്കിലും കൂടുതൽ പേർക്കും അങ്ങോട്ടുമിങ്ങോട്ടും അറിയില്ലായിരുന്നു. പക്ഷെ കേരളത്തിന്റെ പല കോണുകളിൽ നിന്ന് വന്നെങ്കിലും എല്ലാവരെയും ഒന്നിപ്പിച്ചത് രണ്ടേ രണ്ടു കാര്യങ്ങളായിരുന്നു. യാത്രകളോട് ഉള്ള അടങ്ങാത്ത ആവേശം. കാടിനെ തൊടുമ്പോൾ ഉണ്ടാകുന്ന ആഹ്ലാദം. എല്ലാവരും സ്വയം പരിചയപ്പെടുത്തി. കേരളത്തിന്റെ പല ഭാഗത്ത്‌ നിന്നും വന്ന പല പ്രായക്കാരായ ഇരുപത്തിഏഴോളം ആളുകൾ ഉണ്ടായിരുന്നു. കുറച്ചു നേരത്തെ വിശ്രമത്തിന് ശേഷം ഞങ്ങൾ അവിടെ നിന്നും തിരിച്ചു.




                         സമയം 4.00 ആയിരിക്കുന്നു. ഇനി മുകളിലെക്കുള്ളത്  നടന്നതുപോലുള്ള വഴിയല്ല. പതിവായി ആരോ ഉപയോഗിച്ചിരുന്നതുപോലുള്ള തെളിഞ്ഞ വഴിയാണ്. ഈ യാത്രയുടെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണെന്ന് തോന്നുന്നു. രണ്ടു വശങ്ങളിലും ഏലച്ചെടികൾ തിങ്ങി നിറഞ്ഞ ഹെയർപിൻ വളവുകളുള്ള വഴികൾ ഞങ്ങളെ മുന്നോട്ടു നടത്തിച്ചു.






















പ്രേമചന്ദ്രൻ ചേട്ടൻ 










                         ഒരു മണിക്കൂർ വേണ്ടി വന്നു മുകളിലെത്താൻ. ഇപ്പൊൾ സമയം 5.00 ആയി. മുകളിലേക്ക് കയറിപ്പോയപ്പോൾ കണ്ട കാഴ്ച്ചകൾ വിവരണാതീതമായിരുന്നു. അകലെ കാണുന്ന നീലമലകലും മേഘം നിറഞ്ഞ ആകാശത്തിലൂടെ ഇടയ്ക്കിടെ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്ന സൂര്യപ്രകാശവും ആ കാഴ്ച്ചകൾക്ക് അലൌകികമായ ഭംഗി നൽകി. ഞങ്ങൾ കയറി ചെന്നുകൊണ്ടിരിക്കുന്നത് വാഗമണ്ണിന്റെ ഒരു ഭാഗമായ കുരിശുമല തങ്ങൾപാറ റോഡിലാണ്. ഇവിടെ നിന്ന് നോക്കിയാൽ തങ്ങൾ പാറ മനോഹരമായി ഒരു വശത്ത് കാണാൻ സാധിക്കും.
കടന്നു വന്ന വഴികളുടെ കാഠിന്യം മറക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രകൃതി സൌന്ദര്യമാണ് അവിടെ കണ്ടത്. ഞങ്ങൾ വന്ന വാഹനം ഞങ്ങളെ കാത്ത് അവിടെ കിടപ്പുണ്ടായിരുന്നു. എല്ലാരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോസ് എടുത്തതിനു ശേഷം ഞങ്ങൾ തിരികെ യാത്ര തിരിച്ചു. ഈ ഒരു ദിവസത്തെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ദിനമാക്കി മാറ്റിയ തോണിയം കാടിനോട്‌ നിശ്ശബ്ദമായി യാത്ര പറഞ്ഞുകൊണ്ട്.





No comments: