Sunday, October 27, 2013

Pale Blue Dot

എന്താണ് ഈ ചിത്രം എന്ന് അറിയാമോ. മനുഷ്യന്റെ നിസ്സഹായാവസ്ഥയെ തെളിച്ചു കാണിക്കാനും അവന്റെ അഹങ്കാരങ്ങളെ തച്ചുതകർക്കാനുമുള്ള കഴിവ് ഈ ചിത്രത്തിനുണ്ട്. 1990ൽ വൊയെജെർ 1 എന്ന അമേരിക്കൻ ബഹിരാകാശവാഹനം 600 കോടി കിലോമീറ്ററുകൾ അകലെനിന്നു എടുത്ത ഭൂമിയുടെ ചിത്രമാണ് ഇത്. 1977ൽ വിക്ഷേപിച്ച ആ വാഹനം അതിന്റെ യാത്ര ഇപ്പോഴും തുടരുകയാണ്. 2025 വരെ അതിൽനിന്നുള്ള സിഗ്നലുകൾ നമുക്ക് കിട്ടിക്കൊണ്ടിരിക്കും. അതിനുശേഷം ആകാശത്തിന്റെ അതിരുകളിലൂടെ നൂലില്ലാത്ത ഒരു പട്ടം പോലെ അത് സഞ്ചരിച്ചുകൊണ്ടിരിക്കും. എന്നാലും ജീവനുള്ള എന്തിനെങ്കിലും അത് കിട്ടിയാൽ ഈ ഭൂമിയെക്കുറിച്ചും അതിലെ ജീവന്റെ സാന്നിദ്ധ്യവും അറിയിക്കാൻ സാധിക്കുന്ന ചില കാര്യങ്ങൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മനുഷ്യരുടെ ചിത്രങ്ങളും ശബ്ദങ്ങളും വീഡിയോയും അതിൽ ഉണ്ട്. ഈ ചിത്രം കാണുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സില് തോന്നുന്നത്. അത്ഭുദം, സന്തോഷം അല്ലെങ്കിൽ നിസ്സംഗത ആയിരിക്കും അല്ലേ. ഈ പെർസ്പെക്റ്റീവിൽ നിന്ന് ഭൂമിയെക്കുറിച്ച് ചിന്തിച്ചാൽ അതിന്റെ  കൂടെ ഒരുപാട് ചോദ്യങ്ങൾ നമ്മുടെ മുന്നിൽ ഉയരുന്നുണ്ട്. എന്താണ് ഭൂമി?, ആരാണ് ഭൂമിയെ സൃഷ്ടിച്ചത്?, ഈ പ്രപഞ്ചത്തിന്റെ അനന്തമായ വഴിത്താരകളിൽ വേറൊരു ജീവന്റെ ചലനമുണ്ടോ? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം കണ്ടെത്താത്ത മനുഷ്യൻ അവന്റെ അഹങ്കാരങ്ങളെയും കെട്ടിപ്പിടിച്ചു കൂപമണ്ടൂകത്തെപ്പോലെ ഭൂമിയിലെങ്ങും നിറയുന്നു. ഭൂമിയെ നശിപ്പിക്കുകയും കൂടെയുള്ള ജീവികളെയും മനുഷ്യനെതന്നെയും നശിപ്പിക്കുകയും നശീകരണത്തിനുള്ള പുതിയ വഴികൾ തേടുകയും ചെയ്യുന്നു.

No comments: